Friday, August 2, 2013


ഗൃഹാതുരത്വം 



പറയാന്‍ മറന്നത്,

പകുതി മാത്രം കണ്ട 
ഒരു സ്വപ്നത്തെക്കുറിച്ചാണ് 
നന്ത്യാര്‍വട്ടപ്പൂക്കളുടെ മണം പേറുന്ന 
പേലവമായ ഒരു സ്വപ്നത്തെക്കുറിച്ച് 

അതിനുമുമ്പ്,
കരിമ്പനക്കൂട്ടങ്ങളുടെ 
രാത്രിക്കറുപ്പില്‍ നിന്ന് 
നീലിച്ച സിരാപടലങ്ങളിലമരുന്ന 
സര്‍പ്പ മുദ്രകളിനിന്ന്, 
വെള്ളിവെ ളിച്ചത്തിന്‍റെ ഈ 
തിളയ്ക്കുന്ന ലോകത്തിലേക്ക്‌ 
ഏതേതു മഴവെള്ളച്ചാലുകള്‍
എന്നെയെത്തിച്ചെന്നു നീ 
അറിയണം 

പക്ഷേ 
പാമ്പിഴയുന്ന പകുതി ദ്രവിച്ച 
കരിയിലക്കഷ്ണങ്ങള്‍ക്കിടയില്‍
 വീര്‍പ്പുമുട്ടുന്ന 
മണ്ണിന്‍റെ നെടുവീര്‍പ്പുപോലെ 
മേല്‍വിലാസമില്ലാത്ത ഓര്‍മകളിലേക്ക് 
ഒരു തിരിച്ചു  പോക്ക് ഇനി വയ്യ 

കാരണം 
വെള്ളിവെളിച്ചം പൊഴിക്കുന്ന 
 ഇന്നിന്‍റെ അരങ്ങത്ത് 
ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന   ജുഗല്‍ബന്ധിയിലും 
എനിക്ക് ഉടുക്കുപാട്ട് ചുവയ്ക്കുന്നു 

പഴമയുടെ പായല്‍പ്പച്ചകള്‍
മറന്ന് 
നടുമുറ്റവും തുളസിത്തറയും 
മറന്ന് 
ഈ ഊഷരഭൂമിയുടെ ചൂടില്‍
വസിക്കുമ്പൊള്‍ മൗനങ്ങള്‍ക്കുള്ളിലും 
വാക്കുകള്‍ പതിയിരിക്കുന്നു 
പ്രവിനെപ്പോല്‍ കുറുകുന്ന 
വാക്കുകള്‍.....................................




No comments:

Post a Comment