Friday, June 20, 2014

അവസ്ഥാന്തരം

ഇരുളിൻറെ നിലാചിറകുകളിൽ,
രാത്രിയെ പകുത്തു വച്ച്,
വെയിൽക്കാലങ്ങളിലെക്കും
പകലിലെയ്ക്കും,നീ
നിഴൽ  നാടകങ്ങളാടി
നടന്നു മറഞ്ഞപ്പോൾ


ഉരുകിയൊലിച്ചതും
 ഉറഞ്ഞുകൂടിയതും
ഓർമയുടെ  ഒരു
മഞ്ഞുതുള്ളി.


തുളുമ്പാതെ
ചിതറാതെ
പൂവിതളുകളിലേക്ക്
ഇറുന്നു  വീണത്‌
ഒരു തേൻ കണം- കൈവിടാതെ
മുറുകെ പിടിച്ച
സ്വപ്നങ്ങളെ പോൽ
മധുരമായ്....


മനസ്സിൽ,
മൗനങ്ങളിൽ
ചേർത്തുവയ്ക്കാനാവാതെ
തിടുക്കപ്പെട്ട്
പുറത്തേയ്ക്ക് കവിഞ്ഞ
ഒരു തേങ്ങലിൽ,
വിട പറയും മുൻപ്
ഞാൻ പതിയെ ചോദിക്കട്ടെ..


പിൻവിളികലോടുള്ള
എൻറെ വിരക്തി,
നിൻറെ  വഴി തടയാതിരുന്നെങ്കിലും,
എൻറെ മുന്നോട്ടുള്ള
വഴികളിൽ
മൂടിയ മഴക്കാറു കാണാൻ
വയ്യാത്ത വിധം,നിൻറെ
കണ്ണുകൾ പാതിരാ  സ്വപ്നങ്ങളിൽ
വല്ലാതെ മുഴുകിയിരുന്നതെന്തേ.....?.